തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഒഡീഷ-ആന്ധ്ര തീരം വഴിയാണ് ഗുലാബ് വൈകുന്നേരത്തോടെ കരയിലെത്തുക. ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്നും നാനൂറ് കിലോമീറ്ററോളം അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റെന്നാണ് റിപ്പോർട്ട്.
വരുന്ന അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ആന്ധ്രാ- ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. രക്ഷാ പ്രവർത്തനത്തിന് എൻഡിആർഎഫിനെ നിയോഗിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പരിധിയിൽ വരില്ലെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ ചൊവ്വാഴ്ച വരെ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
27-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്.
28-09-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.