ബംഗളൂരു: പഠിക്കാന്‍ മിടുക്കനാണെങ്കിലും 18 -കാരനായ മതീന് ജമദറിന് അതിനുള്ള സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പട്ടിണിയുടെ രുചിയറിഞ്ഞ് വളര്‍ന്ന മതീനിന് ഓണ്‍ലൈന്‍ ക്ലാസ്സില്‍ കേറാന്‍ ഫോണ്‍പോലുമില്ലായിരുന്നു. എങ്കിലും പ്രതിസന്ധികളിലൊന്നിലും തളരാതെ പഠിച്ച് കര്‍ണാടക സിലബസില്‍ പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും പിന്നിലാക്കി അവന് പിയുസി (പ്രീ യൂണിവേഴ്സിറ്റി കോഴ്സ്) പരീക്ഷയ്ക്ക് നൂറില്‍ നൂറും നേടി മിന്നും വിജയം സ്വന്തമാക്കി.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ മണ്ണൂര്‍ ഗ്രാമത്തിലാണ് മതീനും കുടുംബവും താമസിക്കുന്നത്. വിദ്യാസമ്പന്നരായിരുന്നില്ല മതീന്റെ മാതാപിതാക്കള്‍. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന രണ്ടു പാവം തൊഴിലാളികളായിരുന്നു ഇരുവരും.
ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചെങ്കിലും പഠിച്ച് മുന്നേറണം എന്ന് തന്നെയായിരുന്നു മതീനിന്റെ മനസ്സില്‍. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കര്‍ണാടക പി യുസി പരീക്ഷയിലാണ് 600 -ല്‍ 600 മാര്‍ക്ക് നേടി അവന് താരമായത്. പത്താം ക്ലാസ് പരീക്ഷയില്‍ 625-ല്‍ 619 മാര്‍ക്കായിരുന്നു അവന്. അതായത് 98.7 ശതമാനം.
പി യു സി ഒന്നാം വര്‍ഷ പരീക്ഷയക്ക് 98 ശതമാനമായിരുന്നു. ഇത്തവണ 99 ശതമാനം മാര്‍ക്കാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മതീന് സന്തോഷത്തോടെ പറയുന്നു. മതീനിന്റെ അച്ഛന് നബിസാബ് കല്‍പ്പണിക്കാരനാണ്. പണിയുണ്ടെങ്കില്‍, ദിവസം 500 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. അമ്മ റസിയ ബീഗത്തിന് അടുത്തുള്ള പാടത്ത് അന്തിയാവോളം പണിയെടുത്താല്‍, 150 രൂപ കൂലി കിട്ടും.
പണ്ടുമുതലേ, പുസ്തകം വായിക്കാനിഷ്ടമുള്ള കുട്ടിയായിരുന്നു അവനെന്ന് റസിയ ബീഗം പറയുന്നു. സ്കൂള്‍ വിട്ടു വന്നാലും കളിക്കാനൊന്നും പോകാറില്ല. ”ഒരിക്കല്‍ പോലും അവനോട് പഠിക്കാന്‍ പറയേണ്ടി വന്നിട്ടില്ല. ഒരു കാര്യത്തിനും അവന് ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഒന്നും ആവശ്യപ്പെടാറുമില്ല. ” റസിയ പറയുന്നു.