ന്യൂഡല്‍ഹി: ഇന്ധനം മാനദണ്ഡമാക്കി ഡല്‍ഹിയിലെ വാഹനങ്ങള്‍ക്കും കളര്‍ കോഡ് വരുന്നു. പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും സ്റ്റിക്കറുകള്‍ ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇത് സുപ്രീം കോടതി ശരിവെച്ചു. സെപ്റ്റംബര്‍ 30 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നല്കി. പെട്രോള്‍, സിഎന്‍ജി, ഡീസല്‍ എന്നീ വാഹനങ്ങള്‍ തിരിച്ചറിയാനാണ് രണ്ടു നിറങ്ങളിലെ കളര്‍ സ്റ്റിക്കറുകള്‍ ഏര്‍പ്പെടുത്തുക.
വായു മലിനീകരണം ഏറിയ ദിനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിരത്തിലെത്താതെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടപ്പാക്കിവരുന്ന മാതൃകയുടെ ചുവടുപിടിച്ചാണിത്. ഡല്‍ഹിയില്‍ മലിനീകരണതോത് ഏറിയ ദിവസങ്ങളില്‍ വാഹന നമ്പറുകളിലെ ഒറ്റഇരട്ട അക്കങ്ങള്‍ അടിസ്ഥാനമാക്കി അവ നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇതിനേക്കാള്‍ ശാസ്ത്രീയമായി മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പാക്കാന്‍ കളര്‍കോഡിങ്ങിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഹോളോഗ്രാം അടിസ്ഥാനമാക്കുന്ന കളര്‍ സ്റ്റിക്കറാകും വാഹനങ്ങളില്‍ പതിക്കുക. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കുന്നതു പരിഗണിക്കാന്‍ വാദത്തിനിടെ ഗതാഗത മന്ത്രാലയത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അടുത്തു തന്നെ തീരുമാനമെടുക്കുമെന്ന് മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.