പതിനൊന്ന് വര്‍ഷത്തോളമായി പെന്ഷന് കിട്ടിയ പണം ഉപയോഗിച്ച് നാട്ടിലെ റോഡുകളിലെ ഗട്ടറുകള്‍ അടച്ച് മാതൃകയായി ദമ്പതികള്‍. ഹൈദരബാദ് സ്വദേശികളായ ദമ്പതികളാണ് നാടിന് വേണ്ടി തങ്ങളുടെ പെന്ഷന് പണം ചെലവഴിക്കുന്നത്.
73കാരനായ ഗംഗാധര്‍ തിലക് ക്ട്നം ഭാര്യ വെങ്കിടേശ്വരി കാട്നം എന്നിവരാണ് ഒരു ദശാബ്ദത്തോളമായി റോഡിലെ കുഴികള്‍ അടയ്ക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഈ വൃദ്ധ ദമ്പതികള്‍ നിരത്തിലേക്ക് ഇറങ്ങിയത്. റോഡിലെ കുഴികള്‍ പരിഹരിക്കാനായി ശ്രമദാന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്.
ഹൈദരബാദിലും പരിസരത്തുമായി രണ്ടായിരത്തിലേറെ ഗട്ടറുകളാണ് ഇതിനോടകം ഇവര്‍ പരിഹരിച്ചിട്ടുള്ളത്. പെന്‍ഷനായി ലഭിച്ച പണത്തില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഇതിനോടകം റോഡിലെ കുഴികള്‍ അടയ്ക്കാനായി ചെലവാക്കിയെന്നും ദമ്പതികള്‍ പറയുന്നു.
ഹൈദരബാദ് നഗരത്തിലും പരിസരത്തുമായി കാറില്‍ സഞ്ചരിച്ചാണ് ദമ്പതികളുടെ ഗട്ടര്‍ അടയ്ക്കല്‍. റോഡുകളിലെ ഗട്ടറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തായി വാഹനമൊതുക്കിയ ശേഷം കാറിനുള്ളില്‍ സൂക്ഷിച്ച ഉപകരണങ്ങളുമായി ഇരുവരും നിരത്തിലേക്ക് ഇറങ്ങും.
ഗട്ടറുകളുടെ ആംബുലന്‍സ് എന്നാണ് ഈ കാറിനെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത്. ഗംഗാധര്‍ തിലകിനെ റോഡ് ഡോക്ടറെന്നും ഇതിനോടകം വിളിപ്പേര് വീണിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു ഗംഗാധര്‍ തിലക്. നിരവധി റോഡ് ആക്സിഡന്റുകളുടെ കാരണം റോഡിലെ കുഴികള്‍ ആണെന്ന നിരീക്ഷണത്തിലാണ് ഇവരുടെ നിസ്വാര്‍ത്ഥ സേവനം.