മുംബൈ: നൊന്തുപെറ്റ അമ്മയെ കൊന്ന് അവയവങ്ങള്‍ പാചകം ചെയ്ത് ഭക്ഷിച്ച ഒരു മകന്റെ ഹൃദയം തകര്‍ക്കുന്ന ക്രൂരതയെ കുറിച്ചാണ് ലോകമിന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. 2017 ആഗസ്റ്റിലാണ് 35 കാരനായ യുവാവ് സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അവയവങ്ങള്‍ വറുത്ത് കഴിച്ചത്.
2017 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ ഒരു കുട്ടിയാണ് അമ്മയുടെ മൃതദേഹത്തിന് സമീപം പ്രതി നില്‍ക്കുന്നത് കണ്ടത്. കുട്ടി ഇത് കണ്ട് കരഞ്ഞതോടെ ആളുകള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാവിന്റെ മൃതശരീരമാണ് കണ്ടത്.
ചില അവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു. ഹൃദയം ഒരു തളികയില്‍ വെച്ചപ്പോള്‍ മറ്റ് ചില അവയവങ്ങള്‍ ഒരു എണ്ണപാത്രത്തിലാണ് കാണപ്പെട്ടത്. അക്രമാസക്തരായ ജനങ്ങളുടെ ഇടയില്‍ നിന്ന് വളരെ സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതി സ്ഥിര മദ്യപാനിയായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ 35 കാരന് മഹാരാഷ്ട്ര കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. കോലാപൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി മഹേഷ് കൃഷ്ണജിയാണ് പ്രതിയെ മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് കോടതി ഈ കേസിന് വിധിയെഴുതിയത്.
ഈ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണെന്നാണ് ജഡ്ജിയുടെ നിരീക്ഷണം. കൊലപാതകം അതിക്രൂരവും ലജ്ജാവഹമാണെന്നും കോടതി ചൂണ്ടിക്കാട്ടി . ആ അമ്മ അനുഭവിച്ച വേദന വാക്കുകളിലൂടെ വിശദീകരിക്കാന്‍ കഴിയില്ല. മദ്യാസക്തി കാരണമാണ് അയാള്‍ കുറ്റം ചെയ്തിരിക്കുന്നത്. നിസഹായയായ അമ്മയുടെ ജീവിതം അവന് ഇല്ലാതാക്കി. മാതൃത്വത്തിനുള്ള ഏറ്റവും വലിയ അപമാനമാണിത്’ -കോടതി നിരീക്ഷിച്ചു .