ന്യൂഡൽഹി: ഉത്തർപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളായ ജില്ലാ പരിഷത്ത് അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ അളവറ്റ് സന്തോഷിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. വൻ വിജയം നേടിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചാണ് സൈനയുടെ ട്വീറ്റ്. കഴിഞ്ഞ വർഷം നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സൈന നെഹ്വാൾ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
‘യുപി ജില്ലാ പരിഷത്ത് അധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയതിൽ എന്റെ ഹൃദയംഗമമായ അനുമോദനങ്ങൾ’- യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് സൈന ട്വീറ്റ് ചെയ്തു.
Hearty congratulations for thumping victory in Zila Panchayat Chairperson election in UP @myogiadityanath sir 🙏🙏 #ZilaPanchayatElectionUP2021
— Saina Nehwal (@NSaina) July 3, 2021
അതേസമയം, സൈനയ്ക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായാണ് പ്രതികരിച്ചത്. രാഷ്ട്രീയ ലോക് ദൾ പ്രസിഡന്റ് ജയന്ത് ചൗധരി ‘സർക്കാരി ഷട്ട്ലർ’ എന്ന് സൈനയെ വിശേഷിപ്പിച്ചു.
”തെരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ സാമർഥ്യം സർക്കാരിന്റെ ഷട്ടിൽ കളിക്കാരി ശരിവെച്ചിരിക്കുന്നു. തങ്ങളുടെ തീരുമാനങ്ങളിൽ ഇടപെടുന്ന പ്രശസ്തർക്ക് മികച്ച ഡ്രോപ് ഷോട്ടുകൾ കൊണ്ട് വോട്ടർമാർ മറുപടി നൽകണമെന്നാണ് എന്റെ അഭിപ്രായം”- ജയന്ത് ട്വീറ്റ് ചെയ്തു.
सरकारी shuttler recognises BJP skill in smashing peoples’ verdict!
I think voters need to play a subtle drop shot on celebs trying to influence their decisions! https://t.co/6rlxDk5I6L
— Jayant Chaudhary (@jayantrld) July 3, 2021
അതേസമയം, അടുത്തവർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയം ബിജെപിക്ക് വലിയ ആത്മവിശ്വാസം പകരുകയാണ്. 75 അധ്യക്ഷ സ്ഥാനങ്ങളിൽ 67 സീറ്റുകൾ ബിജെപി നേടി. സമാജ് വാദി പാർട്ടിയ്ക്ക് അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയം നേടാനായത്. രാഷ്ട്രീയ ലോക് ദൾ, ജൻസത്ത ദൾ, ഒരു സ്വതന്ത്രൻ എന്നിവർ ഓരോ സീറ്റ് നേടി. മായാവതിയുടെ ബഹുജൻ പാർട്ടി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ 60 സീറ്റ് നേടിയ എസ്പിക്കാണ് വലിയ തിരിച്ചടി നേരിട്ടത്