അസം: കൊവിഡ് ബാധയെ തുടര്‍ന്ന് രോഗി മരിച്ചതിന് പിന്നാലെ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍. ഹോജയി ജില്ലയിലെ കൊവിഡ് സെന്ററായ ഒഡാലി മോഡല്‍ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ ഇരുപത്തി നാലുപേര്‍ അറസ്റ്റിലായി.
ഡോക്ട്ടര്‍ സെയുജ് കുമാര്‍ സേനാപതിയെയാണ് രോഗിയുടെ ബന്ധുക്കള്‍ ക്രൂരമായി ആക്രമിച്ചത്. ഡോക്ടര്‍ സെയ്ജുകുമാര് സേനാപതി പുലര്‍ച്ചെ 1.30ന് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തുകായിരുന്നു.തുടര്‍ന്ന് കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സമീപിക്കുകയും പെട്ടെന്ന് തന്നെ രോഗിക്ക് ചികില്‍സ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ രോഗി അപ്പോഴേക്കും ഏതാണ്ട് മരിച്ച നിലയിലായിരുന്നുവെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയിലെ ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും ഡോക്ടറെ മൃഗീയമായി ആക്രമിക്കുകയുമായിരുന്നു.
എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ച് ഡോക്ടര്‍ സേനാപതി ആദ്യമായി ഗ്രാമീണസേവനത്തില് പ്രവേശിച്ച ദിവസം തന്നെയാണ് ആക്രമിക്കപ്പെട്ടത്. ഡോക്ടറെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തി രുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് ഇരുപത്തിനാലുപേരെ അറസ്റ്റ് ചെയ്തത്.
താന്‍ നേരിട്ട് അന്വോഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതായും മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു. ഉടന്‍ കേസ് സംബന്ധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അസം ഘടകം സംഭവത്തെ അപലപിച്ചു.