ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി പറപ്പിച്ച് യൂട്യൂബറുടെ ക്രൂരത. ഡല്‍ഹി സ്വദേശി ഗൗരവ് ജോണാണ് വളര്‍ത്തു നായയോട് കൊടുക്രൂരത കാണിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അമ്മയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഗൗരവ്സോണ്‍ എന്ന പേരില്‍ ഇയാള്‍ക്ക് ഒരു യൂട്യൂബ് ചാനലുണ്ട്. യൂട്യൂബില്‍ 40 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഗൗരവ് സോണ്‍. വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണുകളില്‍ കെട്ടി പറപ്പിക്കുന്നതിന്റെ വീഡിയോ അടുത്തിടെയാണ് ഗൗരവ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. നായ ബലൂണുകള്‍ക്കൊപ്പം പറന്നുയരുന്നതും ഇത് കണ്ട് ഗൗരവും കൂടെയുണ്ടായിരുന്ന അമ്മയും ആര്‍പ്പുവിളിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.
ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ നായയെ ഇത്തരത്തില്‍ ഉപദ്രവിച്ചതിന് ഇരുവര്‍ക്കുമെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. മൃഗസംരക്ഷണ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം ഉയര്‍ന്നതോടെ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. പിന്നാലെ സംഭവത്തില്‍ മാപ്പ് ചോദിച്ച് ഗൗരവ് മറ്റൊരു വീഡിയോയും പുറത്തിറക്കിയിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പ്രസ്തുത വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു യുവാവിന്റെ വിശദീകരണം.
എന്നാല്‍ നായയോട് കാണിച്ച ക്രൂരതയ്ക്കെതിരെ ഗൗരവിനെതിരേ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഡല്‍ഹി മാല്‍വിയനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത് ഇയാളെ അറസ്റ്റ് ചെയ്തത്.