ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ത്യയിലെ കൊവിഡ് വ്യാപനം വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍. ദ ഗാര്ഡിയന്, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്.
രാജ്യത്തെ നയിക്കുന്നതില്‍ മോഡി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ടൈം പറയുന്നത്. അതേസമയം, കേരളത്തിന്റെ നേട്ടത്തെ ഉയര്‍ത്തിക്കൊണ്ടാണ് ഖലീജ് ടൈംസിന്റെ പരാമര്‍ശം. രാജ്യം മുഴുവന്‍ ഓക്സിജനായി നെട്ടോട്ടം ഓടുമ്പോഴും കേരളം മാത്രം ആ സാഹചര്യത്തില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് പഠിക്കേണ്ടതാണ് എന്നാണ് ഖലീജ് ടൈംസ് പറയുന്നത്.
ഇന്ത്യയെ ജീവനുള്ള നരകമായിട്ടാണ് ഗാര്‍ഡ് ഉപമിച്ചത്. ഇന്ത്യയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മോഡി സര്‍ക്കാറിന്റെ അഹങ്കാരവും പിടിപ്പുകേടുമാണെന്നും ഗാര്‍ഡ് ചൂണ്ടിക്കാട്ടി. മോഡിയുടെ ഭരണം പൂര്‍ണപരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയരുന്നു.