മുംബൈ: സ്വന്തം ജീവന് ബലി നല്കി ഒരായിരം പേരുടെ ജീവന് രക്ഷിച്ച വനിതാ പൈലറ്റ് മറിയ സുബേരിയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിലയ്ക്കാത്ത അഭിനന്ദനപ്രവാഹം. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും വിമാനം ആള് താമസമുള്ള കെട്ടിടങ്ങളില്‍ ഇടിക്കാതെ കാത്ത വനിതാ പൈലറ്റ് രക്ഷിച്ചത് ഒട്ടേറെ പേരുടെ ജീവനാണ്.
കോ പൈലറ്റായിരുന്നു മരണപ്പെട്ട അലഹാബാദ് സ്വദേശിനിയായ മരിയ. ഭര്‍ത്താവും മകളുമുണ്ട്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ സുരഭി ഗുപ്ത രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് പത്തു ദിവസം മുമ്പാണ് സുരഭി ജോലിയിലേക്ക് മടങ്ങിയെത്തിയത്.
ഇന്നലെ ഉച്ചയോടയാണ് മുംബൈ നഗരത്തിലെ ഘാട്കോപ്പര്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ക്യാപ്റ്റന്‍ പ്രദീപ് രജ്പുത്, മരിയ, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ സുരഭി ഗുപ്ത, ജൂനിയര്‍ ടെക്നിഷ്യന്‍ മനീഷ് പാണ്ഡെ എന്നിവരും ഒരു വഴിയാത്രക്കാരനും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടിരുന്നു.
പന്ത്രണ്ട് സീറ്റുള്ള വിമാനം പരിശോധനപ്പറക്കല്‍ നടത്തുന്നതിനിടെ ഉച്ചയ്ക്ക് 1.10നാണ് അപകടമുണ്ടായത്. എന്നാല്‍ വന്‍ ദുരന്തമൊഴിവായത് വിമാനത്തിലെ വനിതാപൈലറ്റായ മറിയ സുബേരിയുടെ ഇടപെടല്‍ മൂലമായിരുന്നു.
ഘാട്കോപ്പറില്‍ ഒട്ടേറെ ഫ്ളാറ്റ് സമുച്ചയങ്ങളുള്ള മേഖലയ്ക്കു മുകളില്‍വച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്. എന്നിട്ടും മനസാന്നിധ്യം വിടാതെ വിമാനം നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് മറിയ ഇടിച്ചിറക്കുകയായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഒരുപാട് ഉയരുമായിരുന്നു. ഉഗ്രശബ്ദത്തോടെയാണ് വിമാനം തകര്‍ന്ന് തീപിടിച്ചത്. അപകടസ്ഥലത്ത് ചെറുവീടുകളിലായി ആയിരത്തിലധികം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ്.
ഗുഡ്ക കമ്പനി ഉടമ ദീപക് കോത്താരിയുടെ യുവൈ ഗ്രൂപ്പിന്റേതാണു കിങ് എയര്‍ സി 90 വിമാനം. യുപി സര്‍ക്കാരിന്റെ ഉടമസ്ഥയിലായിരുന്ന ഇത് 2014ല്‍ മുംബൈ ആസ്ഥാനമായ യുവൈ വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണിക്കു ശേഷം ജുഹു എയ്റോഡ്രോമില്‍ നിന്നു പരിശോധനാ പറക്കല്‍ നടത്തി മുംബൈ വിമാനത്താവളത്തിലെ ബേസിലേക്കു മടങ്ങവെയാണ് ദുരന്തം.
വിമാനത്തിലെ വനിതാ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണു സംഭവം വന്‍ ദുരന്തത്തില്‍ കലാശിക്കാതിരിക്കുന്നതിനു സഹായിച്ചതെന്ന് മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സ്വന്തം ജീവന് ത്യജിച്ചാണ് പൈലറ്റ് വിമാനം താരതമ്യേന തിരക്കു കുറഞ്ഞയിടത്ത് ഇടിച്ചിറക്കിയതെന്നും പട്ടേല്‍ ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിന് അദ്ദേഹം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
വിമാനാപകടത്തിനു പിന്നില്‍ ഉടമകളായ കമ്പനിയുടെ കെടുകാര്യസ്ഥതയാണെന്നു മരിയയുടെ ഭര്‍ത്താവ് കുറ്റപ്പെടുത്തി. മോശം കാലാവസ്ഥ കാരണം വിമാനം പറത്താനാകില്ലെന്നാണു തന്നോടു മരിയ പറഞ്ഞത്. പിന്നെയും വിമാനം പറന്നുയര്‍ന്നെങ്കില്‍ അതിനു പിന്നില്‍ കമ്പനിയായിരിക്കുമെന്നും ഭര്‍ത്താവ് മാധ്യമങ്ങളോടു പറഞ്ഞു.
20 വര്‍ഷത്തെ പഴക്കമുള്ള വിമാനമാണ് അപകടത്തിന് ഇടയാക്കിയത്. എന്നാല്‍ കാലപ്പഴക്കം കാരണമാണോ വിമാനം തകര്‍ന്നതെന്നു വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.