ചണ്ഡീഗഡ്: വീട്ടുകാരറിയാതെ പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നവര്‍ പെണ്ണിനെ പോറ്റാന്‍ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി. വീട്ടുകാരില്‍ നിന്ന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.
ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്. ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ളവരായിരിക്കും. അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവും. ഇങ്ങനെയുള്ള ദമ്പതിമാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
തിങ്കളാഴ്ച ഇത്തരത്തിലൊരു കേസ് പരിഗണിക്കവെ ഭര്‍ത്താവിനോട് ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ മൂന്നു കൊല്ലത്തേക്കുള്ള സ്ഥിരനിക്ഷേപമാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച സമാനമായ കേസില്‍ ഒരു മാസത്തിനുള്ളില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖയുടെ കോപ്പി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം ഇത്തരത്തിലുള്ള ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമസാധുത അന്വേഷിക്കണമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്കി. നിയമവിരുദ്ധ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.