ചെന്നൈ: .’വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിനു വോട്ടു തേടി നടക്കുന്നു?’ എന്ന് വോട്ടര്‍മാര്‍ ഒരിക്കലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹരി നാടാരോട് ചോദിക്കില്ല. കാരണം തന്റെ കൈയ്യിലുള്ള സ്വര്‍ണമെല്ലാം ധരിച്ചാണ് ഹരി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നത്.
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപടയിലെ സ്ഥാനാര്‍ഥിയാണ് ഹരി നാടാര്‍. ഹരി നാമനിര്‍ദേശപത്രികയോടൊപ്പം നല്കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണമുണ്ട്. മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വര്‍ണമണിഞ്ഞാണ് കക്ഷി പ്രചാരണത്തിനിറങ്ങുന്നത്.
സമൂഹമാധ്യമങ്ങളില്‍ സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ വന്‍ ഹിറ്റാണു ഹരി. സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്കുകയാണു ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി പറയുന്നു.
നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കന്‍ തമിഴ്നാട്ടില്‍ സജീവമാണ്. വെറും ‘ഷോ’ മാനായി ഹരിയെ തള്ളിക്കളയാന്‍ പറ്റില്ല. നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് ഹരി പറയുന്നത്.