അഹമ്മദാബാദ്; പാടീദാര്‍ അനാമത് ആന്ദോളന് സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റെ തടവ് ശിക്ഷ ഹൈക്കോടതി തടഞ്ഞു. 2015 ല്‍ നടന്ന പട്ടേല്‍ പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ കീഴ്ക്കോടതി വിധിച്ചിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
ഹാര്‍ദിക് പട്ടേലിന് കേസില്‍ ജാമ്യം അനുവദിക്കണം എന്ന് ജസ്റ്റിസ് എസ്എച്ച് വോറ വിധിച്ചു. കൂടാതെ കേസില്‍ ഹാര്‍ദിക് പട്ടേലിന്റെ വാദം കേട്ടതിനുശേഷം മാത്രമായിരിക്കണം പൊലീസ് നടപടി എടുക്കേണ്ടത് എന്നും കോടതി പറഞ്ഞു.
2015 ല്‍ പട്ടേല്‍ പ്രക്ഷോഭത്തില്‍ ബിജെപി എംഎല്‍എയായ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തതിനാണ് കീഴ്ക്കോടതി ഹാര്‍ദിക് പട്ടേലിന് ശിക്ഷ വിധിച്ചിരുന്നത്. 50,000 രൂപയും രണ്ട് വര്‍ഷം തടവുമാണ് വിധിച്ചിരുന്നത്. 2015 ജൂലൈ 23 ന് ആയിരുന്നു സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം പ്രക്ഷോഭം നടത്തിയത്.