ഹൈദരാബാദ്: ഭവന നികുതി അടക്കാത്തതിന്റെ പേരില്‍ വീടിന് മുന്പില് മുന്‍സിപ്പല്‍ അധികൃതര്‍ മാലിന്യം തള്ളി. ഈ സംഭവത്തിന്റെ മനോവേദനയില്‍ ആരോഗ്യനില വഷളായ അമ്പത്തിയെട്ടുകാരി മരിച്ചു. തെലങ്കാനയിലാണ് സംഭവം നടന്നത്.
ഭവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ അധികൃതര്‍ വിചിത്രമായ നടപടി സ്വീകരിച്ചതെന്ന് മരിച്ച 58കാരിയുടെ കുടുംബക്കാര് ആരോപിക്കുന്നു. തെലങ്കാന നാരായണഖെഡ് ജില്ലയിലാണ് നടുക്കിയ സംഭവം.
ഭവന നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ഭൂമാവയുടെ വീടിന് മുന്നില്‍ ഡിസംബര്‍ 15നാണ് മുന്‍സിപ്പില്‍ അധികൃതര്‍ മാലിന്യം തള്ളിയത്. ഇതില്‍ ഭൂമാവ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് 58കാരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
15ന് തളളിയ മാലിന്യങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞാണ് മുന്‍സിപ്പല്‍ അധികൃതര്‍ നീക്കം ചെയ്തു. തന്നെ അപമാനിച്ചതിന്റെ മനോവിഷമത്തില്‍ ഭൂമാവയുടെ ആരോഗ്യനില ശനിയാഴ്ച മോശമാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഞായറാഴ്ചയാണ് അവര്‍ മരിച്ചത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത നടപടിയാണ് ഭൂമാവയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആസ്മ ഉള്‍പ്പെടെ നിരവധി രോഗകള്‍ ഭൂമാവയെ അലട്ടിയിരുന്നു. ഇതാണ് മരണകാരണമെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.