ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ ജന്മദേശം ഇന്ത്യയാണോ ബംഗ്ലാദേശാണോ എന്നത് സംബന്ധിച്ച് വിക്കിപീഡിയയില്‍ തര്‍ക്കം തുടരുന്നതിനിടെ അദ്ദേഹത്തിന്റെ വിശദീകരണവുമായി മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. ജനിച്ചത് ഇന്ത്യയില്‍ തന്നെയാണെന്നാണ് ബിപ്ലബിന്റെ വിശദീകരണം.
വിക്കി പീഡിയയിലെ എഡിറ്റര്‍മാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ബിപ്ലബിന്റെ ജന്മദേശം ഇന്ത്യയെന്നും ബംഗ്ലാദേശെന്നും മാറിമാറി എഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അസമിലെ പൌരത്വ പട്ടികയുടെ പശ്ചാത്തലത്തിലാണ് ബിപ്ലബിന്റെ വിക്കിപീഡിയ പേജ് ‘യുദ്ധഭൂമി’യായി മാറിയത്. വ്യാഴം മുതല്‍ ശനി വരെ 37 തവണയാണ് ബിപ്ലബിന്റെ പേജ് എഡിറ്റ് ചെയ്യപ്പെട്ടത്. ബിപ്ലബിന്റെ ജന്മസ്ഥലം ത്രിപുരയിലെ ഗോമതിയെന്നും ബംഗ്ലാദേശിലെ ചന്ദ്പൂര്‍ എന്നും മാറിമാറി എഡിറ്റ് ചെയ്യപ്പെട്ടു.
വിക്കിപീഡിയയിലെ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടെന്ന് ബിപ്ലബിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് മിശ്ര പറഞ്ഞു. ബിപ്ലബിന്റെ പിതാവ് 1955ലെ സിറ്റിസണ്‍ഷിപ്പ് ആക്റ്റ് പ്രകാരം പൌരത്വം രജിസ്റ്റര്‍ ചെയ്തതാണെന്നും സഞ്ജയ് വിശദീകരിച്ചു. ബിപ്ലബ് 1971 നവംബര്‍ 25ന് ത്രിപുരയിലെ ഉദയ്പൂരിലാണ് (ഇപ്പോള്‍ ഗോമതി) ജനിച്ചത്. വികസനോന്മുഖ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തവര് വെറുതെ ഇത്തരം വിവാദങ്ങളുണ്ടാക്കുകയാണെന്നും സഞ്ജയ് വിമര്‍ശിച്ചു.