ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ കാവിയില്‍ മുങ്ങി കോണ്‍ഗ്രസിന്റെ സ്വന്തം മീഡിയ സെന്റര്‍. കോണ്‍ഗ്രസിന്റെ കാവിവത്കരണ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ശരങ്ങളാണ് വരുന്നത്. മാള്‍ അവന്യൂവിലെ കോണ്‍ഗ്രസ് ഹെഡ്ക്വാട്ടേഴ്സിലാണ് സംഭവം.മീഡിയ സെന്ററിലെ വക്താവിന്റെ ഡെസ്‌കിന് പിറകിലുള്ള ചുവരാണ് കാവിയില്‍ മുങ്ങിയത്.
എന്നാല്‍ തങ്ങള്‍ മഞ്ഞ നിറം നല്‍കാന്‍ ആയിരുന്നു നിര്‍ദേശം നല്‍കിയിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഓഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ആകെ ആശയക്കുഴപ്പത്തിലാണ്. സന്ദര്‍ശകരില്‍ ചിലര്‍ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കോണ്‍ഗ്രസിനെ കളിയാക്കാനും തുടങ്ങിയതോടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി.
മഞ്ഞ മാത്രമല്ല, ത്രിവര്‍ണ പതാകയിലെ നിറത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് കാവി നിറം പൂശിയതെന്നും കോണ്‍ഗ്രസ് നിരത്തുന്ന ന്യായീകരണത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങള്‍ കനത്തതോടെ കാവിമാറ്റി ചുവരിന് വെളുത്ത നിറമടിക്കുകയും ചെയ്തു. യുപി കോണ്‍ഗ്രസ് കമ്മിറ്റി അധികൃതര്‍ പറയുന്നത് പെയിന്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നാണ്. യോഗിയുടെ കാവിവത്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതും കോണ്‍ഗ്രസ് തന്നെയായിരുന്നു.