ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിക്കുന്നില്ല. പശു മോഷ്ടാവെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് 80 കിലോമീറ്റര്‍ മാത്രം അകലെ പല്വലിലായി രുന്നു സംഭവം.
രാത്രിയില്‍ കണ്ട ആളെ കൈയും കാലും കെട്ടിയിട്ടശേഷം മൂന്നംഗസംഘം തല്ലിക്കൊല്ലുകയായിരുന്നു. തങ്ങളുടെ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. കൊല്ലപ്പെട്ടയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.
സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ സഹോദരന്മാരായ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. അടുത്തിടെ രാജസ്ഥാനിലെ ആള്‍വാറില്‍ പശുമോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.
ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമുയര്‍ന്നു. ഇതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാനയില്‍നിന്നും ആള്‍ക്കൂട്ട കൊലയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.