ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധിയുമെത്തുന്നെന്ന് സൂചന. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.
സോണിയാ ഗാന്ധിക്ക് പകരം ചുമതലകള്‍ ഏറ്റെടുക്കുക പ്രിയങ്കയായിരിക്കും. ശക്തമായ നിലപാടും മൂര്‍ഛയേറിയ വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ മിടുക്ക് തെളിയിച്ചിട്ടുമുള്ള പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.
പൊതുതിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കമാണ് നടത്തുന്നത്. യുവനേതാക്കളെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്കി സജീവമാക്കാനാണ് തീരുമാനം. പ്രധാന നേതാക്കള്‍ എവിടെ മല്‍സരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചില ധാരണകളുണ്ടാക്കിയെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഇത്തവണയും അദ്ദേഹം അമേത്തിയില്‍ നിന്ന് ജനവിധി തേടും. സോണിയാ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലി. എന്നാല്‍ ഇത്തവണ സോണിയാ ഗാന്ധി മല്‍സരിച്ചേക്കില്ല. പകരം മകള്‍ പ്രിയങ്കാ ഗാന്ധിയായിരിക്കും ഈ മണ്ഡലത്തില്‍ ജനവിധി തേടുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ സോണിയാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മാറിയാല്‍ മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. അവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകില്ലെന്ന് ചില നേതാക്കള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രധാനമായ ചില തീരുമാനങ്ങളുമെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയായിരിക്കില്ല പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുക. പകരം തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യം പരിശോധിക്കുക. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണ.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രത്യേക സഖ്യമുണ്ടാക്കും. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉത്തര്‍പ്രദേശ് പിടിക്കാന്‍ ബിജെപി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശില്‍ നേരത്തെ കോണ്‍ഗ്രസ് മതേതര കൂട്ടായ്മ രൂപീകരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഇത്തരം കൂട്ടായ്മ വിജയം കണ്ടിരുന്നു.