ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐബി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയെ വധിച്ചത് ആംആദ്മി പാര്‍ട്ടിയാണെന്നാണ് കപില്‍ മിശ്രയുടെ ആരോപണം.
ആപ്പ് കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് കപില്‍ മിശ്രയുടെ ആരോപണം. ട്വീറ്റിലൂടെയായിരുന്നു കപില്‍ മിശ്ര ആരോപണവുമായി രംഗത്ത് വന്നത്.
ഡല്‍ഹിയില്‍ കലാപം നടന്ന ചാന്ദ് ബാഗിലെ അഴുക്കു ചാലില്‍ നിന്നാണ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അങ്കിതിനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി ഓടയില്‍ തള്ളിയതാണെന്നാണ് അയാളുടെ കുടുംബം ആരോപിക്കുന്നത്.