ന്യൂഡല്‍ഹി: കുറ്റകൃത്യം നടന്ന ദിവസം പ്രതിയും എംഎല്‍എയും മുന്‍ ബിജെപി നേതാവുമായ കുല്‍ദീപ് സിംഗ് സെംഗാര്‍ എവിടെയായിരുന്നു…? ഉന്നാവോ ബലാത്സംഗ കേസിലെ ഈ നിര്‍ണ്ണായക ചോദ്യത്തിന് അമേരിക്കന്‍ മൊബൈല്‍ കമ്പനിയായ ആപ്പിള്‍ ഉത്തരം നല്‍കണം. ഒക്ടോബര്‍ ഒന്‍പത് വരെയാണ് ഉത്തരം നല്‍കാനുള്ള സമയം കൊടുത്തിരിക്കുന്നത്.
ആപ്പിള്‍ കമ്പനി രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ഈ വിവരങ്ങള്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും, ഉണ്ടെങ്കില്‍ തന്നെ എവിടെയാണ് സൂക്ഷിച്ചതെന്നും വീണ്ടെടുക്കാന്‍ സാധിക്കുമോയെന്നും അറിയേണ്ടതുണ്ടെന്നും ആപ്പിള്‍ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു. ഈ വിവരങ്ങള്‍ നല്‍കാനാവുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അഭിഭാഷകന് വ്യക്തമാക്കി.
ഈ വിവരം ലഭ്യമാക്കുന്നതിനൊപ്പം, ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉത്തരവാദപ്പെട്ട സിസ്റ്റം അനലിസ്റ്റിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ജോലി സംബന്ധിച്ച ആവശ്യവുമായി 2017 ജൂണ്‍ നാലിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.