മുംബൈ: രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സാമ്പത്തിക പ്രതിസന്ധി. സമ്പദ് വ്യവസ്ഥ ദുര്‍ബലപ്പെട്ടതോടെ നിരവധി കമ്പനികള്‍ ഇതിനോടം പൂട്ടി കഴിഞ്ഞു. രാജ്യത്ത് ഇതോടെ തൊഴിലില്ലായ്മയും രൂക്ഷമാവുകയാണ്. പരസ്പരം പഴിചാരി നേതൃത്വങ്ങളും രംഗത്തുണ്ട്. ഇപ്പോള്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായതിന്റെ കാരണം മുഗളരും ബ്രിട്ടീഷുകാരുമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.
മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തികശക്തിയായിരുന്നു ഇന്ത്യയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സമയമായപ്പോഴേക്കും രാജ്യം അതിന്റെ പഴയപെരുമയുടെ നിഴല്‍ മാത്രമായെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വേള്‍ഡ് ഹിന്ദു എക്കണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഗളരുടെ ആക്രമണത്തിനു മുമ്പ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. മുഗളരുടെ കാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ 36 ശതമാനം ഇന്ത്യയുടെ കൈവശമായിരുന്നു. എന്നാല്‍ മുഗളര്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ എത്തിയതോടെ ഇന്ത്യയുടെ പങ്ക് 20ശതമാനമായി കുറഞ്ഞു. 200വര്‍ഷത്തെ ഭരണം കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കി, അവര്‍ ഇന്ത്യ വിടുമ്പോഴേക്കും ലോകസമ്പദ്ഘടനയുടെ നാലുശതമാനത്തിലേക്ക് ഇന്ത്യ ചുരുങ്ങി’ യോഗി പറയുന്നു.