അമൃത്സര്‍: മയക്കുമരുന്ന് ഉപയോഗം തടയാനായി അമ്മ മകളെ ചങ്ങലയ്ക്കിട്ട് പൂട്ടി. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ മകളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലഹരി വിമോചനകേന്ദ്രത്തിലേക്ക് മാറ്റാന്‍ അമ്മ സര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ വീട്ടിലെത്തി ചികിത്സിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംപി ഗുജ്റീത്ത് സിങ്ങ് പറഞ്ഞു.
മയക്കുമരുന്നിന് അടിമയായ മകള്‍ മയക്കുമരുന്ന് തേടിപ്പോകുന്നത് തടയാനാണ് അമ്മ മുറിയില്‍ പൂട്ടിയിട്ടത്. മകളെ താന്‍ മൂന്ന് തവണ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നെന്നും പക്ഷേ അധികൃതര്‍ മൂന്നോ നാലോ ദിവസത്തിന് ശേഷം മകളെ വീട്ടിലേക്ക് തിരിച്ചയച്ചുവെന്നും അമ്മ പറയുന്നു.
മകളെ ലഹരിവിമോചന കേന്ദ്രത്തില്‍ തുടരാന്‍ അനുവദിക്കുമോയെന്ന് അഭ്യര്‍ത്ഥിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു. സ്ഥലം എംപിയായ ഗുജ്റീത്ത് സിങ്ങ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള എല്ലാ വൈദ്യസഹായവും വാഗ്ദാനം ചെയ്തു. പെണ്‍കുട്ടിയെ വീട്ടിലെത്തി ചികിത്സിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.