തെലങ്കാന: തെലുങ്കാനയില്‍ ഭര്‍ത്താവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഭാര്യയും ബന്ധുക്കളെയും അറസ്റ്റില്‍. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ സയിദ് സലീം (38) ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കടുത്ത മദ്യപാനിയായ ഇയാള്‍ സ്ഥീരമായി ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഭാര്യ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളുടെയും ബന്ധത്തിലുള്ള രണ്ടു സഹോദരങ്ങളുടെയും സഹായത്തോടെ ഭര്‍ത്താവിനെ വകവരുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ കരിംനഗറിലുള്ള വീട്ടിനകത്ത് വച്ച് വടിയും കല്ലുകളുമുപയോഗിച്ച് സയീദ് സലീമിനെ ആക്രമിക്കുകയായിരുന്നു. സയിദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും പോലീസ് പറയുന്നു.
വീട്ടിനകത്ത് പറ്റിയ രക്തക്കറ മുഴുവന്‍ കഴുകിവൃത്തിയാക്കിയ ശേഷം മൃതദേഹം ദൂരെ എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഇതിനോടകം തന്നെ സംഭവം സയിദിന്റെ സഹോദരന് കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതിയും നല്കി. പരാതി പ്രകാരം പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തതായാണ് പൊലീസ് അറിയിക്കുന്നത്.