മഥുര: മോഷണശ്രമം ചെറുത്ത അമ്മയേയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന എക്സ്പ്രസ് ട്രെയിനില്‍ വച്ചാണ് സംഭവം. ഡല്‍ഹി ഷഹാദരാ സ്വദേശിയായ മീന(55) മകള്‍ മനീഷ(21) മകന് ആകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. എഞ്ചീനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി മനീഷയെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ക്കാന്‍ കോട്ടയിലേക്ക് പോകുകയായിരുന്നു മൂവരും. പുലര്‍ച്ചെ കള്ളന്മാരില് ഒരാള്‍ തന്റെ ബാഗ് എടുത്തുകൊണ്ട് പോകുന്നത് മീന കണ്ടു. അവരെ പിന്തുടര്‍ന്ന മീന കള്ളനെ തടയാന്‍ ശ്രമിച്ചു. ബഹളം കേട്ട് ഉണര്‍ന്ന മനീഷയും ഓടിയെത്തി ബാഗ് തിരിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ പിടിവലിക്കിടയില്‍ ഇരുവരെയും സ്ലീപ്പര്‍കോച്ചിന്റെ വാതിലിന് സമീപം വെച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ശേഷം കള്ളന്മാര് ബാഗുമായി കടന്നു കളഞ്ഞു. ഉടന്‍ മകന് രാഹുല്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി സിആര്‍പിഎഫിനെ വിവരം ധരിപ്പിച്ചു. ഈ സമയം ട്രെയിന്‍ വൃന്ദാവന്‍ റോഡ് റെയില്‍വേ സ്റ്റേഷന് സമീപം എത്തിയിരുന്നു. സിആര്‍പിഎഫ് ഉടനെ സംഭവ സ്ഥലത്തേക്ക് ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടു. തെറിച്ചുവീണ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.