രാജ്യത്ത് പകര്‍ച്ച വ്യാധിപോലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പടര്‍ന്നുപിടിക്കുകയാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്കര്‍. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ താന്‍ പ്രതികരിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും സ്വര ഭാസ്കര്‍ പറഞ്ഞു.
മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വര. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. യാഥാര്‍ഥ്യത്തില്‍ നിന്ന് രാജ്യത്തിന് മുഖം തിരിക്കാനാവില്ല. ആക്രമണങ്ങള്‍ വ്യാജമാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ഇതിനെതിരെ നിയമം ശക്തമാക്കുക തന്നെ വേണം. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടങ്ങള്‍ക്കാണെന്നും സ്വര വ്യക്തമാക്കി.
ഈ വിഷയത്തില്‍, അധികാരമുള്ള പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ മൂന്ന് നാല് കൊല്ലങ്ങളായി താന്‍ പ്രതികരിക്കുന്നുണ്ട്. ഈ വിഷയത്തില്‍
നടപടി ആവശ്യപ്പെട്ട് 49 പ്രമുഖര്‍ ഇന്നലെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും സ്വര പറഞ്ഞു.