ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. സിംലയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. കെട്ടിട ഉടമയുടെ ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
5 സൈനികരെയടക്കം 17 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു സെനികരും കുടുംബവും. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ വ്യക്തമാക്കി.