ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന യുവതിയുടെ ബാഗ് മോഷ്ടിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥന് പിടിയില്‍. 15 ലക്ഷം വിലമതിക്കുന്ന വജ്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളുമാണ് മോഷ്ടിച്ച ബാഗില്‍ ഉണ്ടായിരുന്നത്. നരേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീനഗറിലേക്ക് പോകുന്നതിനായി ഭര്‍ത്താവിനെ കാത്തിരിക്കുന്നതിനിടെയാണ് യുവതിയുടെ ബാഗ് മോഷ്ടിച്ചത്.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഭര്‍ത്താവിനെ കാത്ത് ഇരിക്കുകയായിരുന്നു യുവതി. അടുത്ത് തന്നെ ബാഗും വെച്ചു. എന്നാല്‍ കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ ബാഗ് കണ്ടില്ല. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസും സിഐഎസ്എഫും ചേര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബിഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നരേഷ് കുമാര്‍ ബാഗ് മോഷ്ടിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബഗ്ഡോറയിലേക്കുള്ള വിമാനത്തില്‍ പോകുവാന്‍ കാത്തുനിന്ന നരേഷിനെ കണ്ടത്. ഉടന്‍ തന്നെ നരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.