കൊല്‍ക്കത്ത: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയ സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. വിമാനത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്.
വിമാനത്തില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. രാത്രി ഒരുമണിയോടെയായിരുന്നു അപകടം നടന്നത്.
പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം എത്തി മൃതദേഹം പുറത്തെടുത്തു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.