നാഗ്പുര്‍: ആര്‍എസ്എസിന്റെ ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി. ചരിത്രവിഭാഗം രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസിലാണ് നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സര്‍വകലാശാല(പഴയ നാഗ്പുര്‍ സര്‍വകലാശാല) ആര്‍എസ്എസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
1885 മുതല്‍ 1947 വരെയുള്ള ഇന്ത്യയുടെ ചരിത്രം എന്ന പാഠത്തിലാണ് ‘രാഷ്ട്രനിര്‍മ്മാണത്തില്‍ ആര്‍എസ്എസിന്റെ പങ്ക്’ എന്ന ഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാഠഭാഗത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ രൂപവത്കരണവും മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസഹകരണ സമരവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവ് ലഭിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസിനെ സംബന്ധിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതെന്ന് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ചാഫ്ലെ പറഞ്ഞു. ബാലഗംഗാധര തിലക് അടക്കമുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ സംഘപരിവാറും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുതിയ സിലബസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.