ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ പരാജയത്തെക്കുറിച്ച് പഠിക്കാനൊരുങ്ങി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനായി രാഹുല്‍ നേരിട്ട് അമേഠി സന്ദര്‍ശിക്കും. ജൂലായ് 10-നെത്തുന്ന രാഹുല്‍ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടാകും.
തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് മത്സരിച്ചാണ് രാഹുല്‍ പരാജയപ്പെട്ടത്. എന്നാല്‍ ഒന്നരപ്പതിറ്റാണ്ടുകാലം പ്രതിനിധാനം ചെയ്ത മണ്ഡലത്തെ കൈവിടാന്‍ തയ്യാറല്ലെന്ന സൂചനയാണ് അമേഠിയിലെ സന്ദര്‍ശനത്തിലൂടെ രാഹുല്‍ തരുന്നത്. അമേഠിയിലെത്തുന്ന രാഹുല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങള്‍ നേരിട്ടറിയും.
സമാജ്വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും നിസ്സഹകരണമാണ് അമേഠിയിലെ രാഹുലിന്റെ തോല്‍വിക്കു പിന്നിലെന്ന് സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രതിനിധി കെഎല്‍ ശര്‍മയും എഐസിസി സെക്രട്ടറി സുബൈര്‍ ഖാനെയും റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍ പരാജയകാരണങ്ങളെക്കുറിച്ച് നേരിട്ട് പ്രവര്‍ത്തകരില്‍നിന്ന് മനസ്സിലാക്കണമെന്ന് മനീഷ് തിവാരിയെപ്പോലുള്ള നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് അമേഠി സന്ദര്‍ശിക്കാനുള്ള തീരുമാനം.