ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപും മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കെയാണ് ചലച്ചിത്ര താരം മുന്‍ അറ്റോര്‍ണി ജനറലും പ്രമുഖ അഭിഭാഷകനുമായ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയത്. ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന് വന്നേക്കും എന്നുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പയറ്റുകയാണ് ദിലീപ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് പിന്നാലെയാണ് ദിലീപ് – മുകുള്‍ റോത്തഗി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ തന്നെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നും കേസില്‍ സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. നാളെ ദിലീപിന് വേണ്ടി മുകുള്‍ റോത്തഗി ആയിരിക്കുമോ കോടതിയില്‍ ഹാജരാവുക എന്ന ആകാംഷയിലാണ് നിയമവൃത്തങ്ങളും സിനിമാ ലോകവും ഉള്ളത്.
ജൂലൈ മൂന്നാമത്തെ ആഴ്ചയിലാണ് ദിലീപ് ഡല്‍ഹിയിയിലെത്തി മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. സുന്ദര്‍ നഗറിലെ റോത്തഗിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 25 മിനുറ്റോളും റോത്തഗിയും ദിലീപും തമ്മില്‍ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയത്.
ദിലീപിനൊപ്പം കേരളത്തില്‍ നിന്നുള്ള ഒരു അഭിഭാഷകനും മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ അഭിഭാഷകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകന് വഴിക്കാണ് മുകുള്‍ റോത്തഗിയുമായി ദിലീപ് ബന്ധപ്പെട്ടതെന്നും വാര്‍ത്തയില്‍ പറയുന്നു.
എന്നാല്‍ ഇടനിലക്കാരനായ ഈ അഭിഭാഷകന് ദിലീപും മുകുള്‍ റോത്തഗിയും നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ തന്നെ പോലീസ് ദുരുദ്ദേശത്തോടെ പ്രതി ചേര്‍ത്തതാണെന്നും മറ്റ് ചില പ്രതികളുടെ മൊഴികള്‍ പ്രകാരമാണിതെന്നുമാണ് ദിലീപ് റോത്തഗിയെ അറിയിച്ചത്. അരമണിക്കൂറിനടുത്ത് നീണ്ട വിശദമായ കൂടിക്കാഴ്ചയാണ് നടന്നത് എന്നത് കൊണ്ട് തന്നെ റോത്തഗി കേസില്‍ ഹാജരാകാനുള്ള സാധ്യതയാണ് കാണുന്നത്.
ജൂലൈ മൂന്നാം വാരത്തിലെ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തിരുന്നു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് നാളെ കേസ് വീണ്ടും പരിഗണിക്കുന്നത്.