അഹമ്മദാബാദ്: മകളുടെ വിവാഹ ചടങ്ങിന് പശുക്കുട്ടിയെ അറുത്ത് വിളമ്പിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഹമ്മദാബാദ് സ്വദേശി സലിം മക്രാണി എന്നയാള്‍ ആണ് പശുവിനെ കൊന്ന് വിളമ്പിയത്. രാജ്കോട്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ജനുവരിയിലാണ് മകളുടെ വിവാഹത്തിനായി പശുവിനെ അറുത്തത്. സംഭവത്തില്‍ അയല്‍വാസി നല്കിയ പരാതിയിലാണ് കേസ് ഫയല്‍ ചെയ്തത്. പശുക്കുട്ടിയെ മോഷ്ടിച്ചെന്നും മകളുടെ വിവാഹം പ്രമാണിച്ച് അറുത്തുവിളമ്പുകയും ചെയ്തെന്നാണ് സലിമിനെതിരെ അയല്‍വാസി നല്കിയ പരാതി. ഭേദഗതി വരുത്തിയ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് ശിക്ഷ. ഭേദഗതിക്ക് ശേഷമുള്ള ആദ്യ ശിക്ഷാ നടപടി കൂടിയാണ് സലിമിന്റേത്.
പശുവിനെ കൊല്ലുന്നതിനും ഇറച്ചി സൂക്ഷിക്കുന്നതിനും പശുക്കളെ അനധികൃതമായി കടത്തുന്നതിനും നേരത്തെ മൂന്ന് വര്‍ഷമായിരുന്നു തടവുശിക്ഷ. ഭേദഗതിയനുസരിച്ച് ഏഴ് മുതല്‍ പത്ത് വര്‍ഷം വരെയാണ് ശിക്ഷാ കാലാവധി. നിയമപ്രകാരം പശുവിനെ കടത്താനുപയോഗിച്ച വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് സലിമിനും ശിക്ഷ വിധിച്ചത്.