പൊള്ളാച്ചി: പൊള്ളാച്ചിയില്‍ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ബസിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പിന്നില്‍ നാല് ടയറുകള്‍ക്ക് വേണ്ട സ്ഥാനത്ത് രണ്ട് ടയറുകളുമായിട്ടാണ് ഈ ബസ് ഓടുന്നത്. അപകടകരമായി നിരത്തിലോടിയ തമിഴ്നാട് സര്‍ക്കാര്‍ ബസിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബസിനു പിന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ യാത്രികരാണ് ഈ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ടയര്‍ വാങ്ങാന്‍ പോലും ഗതിയില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തി. ഉപയോഗശൂന്യമായ ബസ് പൊളിച്ചു മാറ്റാന്‍ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് അധികൃതരുടെ വാദം.
കൂടുതല്‍ ഭാരം വഹിക്കുന്ന വാഹനങ്ങളുടെ സുരക്ഷിത യാത്രയ്ക്കാണ് പിന്നില്‍ നാലു ടയറുകള്‍ നല്‍കുന്നത്. വാഹനങ്ങളുടെ സ്റ്റബിലിറ്റി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. വാഹനങ്ങളുടെ ഭാരവാഹക ശേഷിക്കനുസരിച്ച് ടയറുകളുടെ എണ്ണം പിന്നെയും കൂടും. അതുകൊണ്ടു തന്നെ പിന്നില്‍ നാലു ടയറുകള്‍ ഇല്ലാതുള്ള ബസുകളുടെ യാത്ര അപകടകരമാണ്.