ചെന്നൈ: ചെന്നൈയില്‍ ഇടയ്ക്ക് മഴ ലഭിച്ചെങ്കിലും അവിടെ ഇപ്പോഴും ജലക്ഷാമം രൂക്ഷമാണ്. പല തൊഴില്‍ മേഖലകളിലും വെള്ളം കിട്ടാക്കനിയാണ്. ജലക്ഷാമം രൂക്ഷമായതോടെ കുലത്തൊഴില്‍ നിര്‍ത്തേണ്ട ഗതികേടിലാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍.
നേരത്തെ 150 തുണി വരെ കഴുകിയിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. രാത്രി ഉറക്കം പോലുമില്ലാതെ ഒരു മണിക്കും രണ്ട് മണിക്കുമൊക്കെ വെള്ളത്തിനായി കാത്തിരിക്കുകയാണ് അലക്കുതൊഴിലാളികള്‍. ഇവര്‍ തലമുറകളായി ചെയ്തു വരുന്ന ജോലിയാണിത്. ഒരു കിടക്കവിരിക്ക് 20 രൂപ വാങ്ങിയാണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്.
കുഴല്‍ക്കിണറും ആകെ ആശ്രയമായിരുന്ന മെട്രോ ജലവും നിലച്ചതോടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിത്തുടങ്ങിയത്. 144 അലക്കുതൊഴിലാളികള്‍ ദിനം പ്രതി ജോലി ചെയ്തിരുന്ന ചേറ്റ്പേട്ടില്‍ ഇപ്പോളുള്ളത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അലക്കി കൊടുത്തിരുന്ന തുണികളുടെ എണ്ണവും പകുതിയലധികമായി കുറഞ്ഞു.
വില ഇരട്ടിയാണെങ്കിലും സ്വകാര്യ വാട്ടര്‍ ടാങ്കറുകളാണ് ഏക ആശ്രയം. എന്നാല്‍, തുച്ഛമായ വരുമാനത്തിനിടെ വെള്ളം വാങ്ങുന്നത് ഭാരമായി തുടങ്ങിയതോടെ മറ്റു വഴികള്‍ തേടുകയാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍.