രണ്ടായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ കൊത്തുപണിയില്‍ സൈക്കിളില്‍ പോകുന്ന ആളുടെ ചിത്രം. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ഇത്. എന്നാല്‍ അതിനു പിന്നിലെ സത്യാവസ്ഥയാണ് ഇന്ന് ഏവരെയും അമ്പരപ്പിക്കുന്നത്. ചിത്രം പ്രത്യക്ഷപ്പെട്ട ഉടനെ നിറഞ്ഞു നിന്ന ചോദ്യമാണ് രണ്ടായിരം വര്‍ഷം മുന്‍പ് സൈക്കിള്‍ ഉണ്ടായിരുന്നോ..? ആ ചോദ്യങ്ങള്‍ക്കും തിരശീല വീഴുകയാണ് ഇപ്പോള്‍.
തമിഴ്നാട്ടിലെ ട്രിച്ചി വൊറയൂര്‍ പഞ്ചവര്ണസ്വാമി ക്ഷേത്രത്തില്‍ ആണ് ഇത്തരമൊരു കൊത്തുപണി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൊത്തുപണി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെ മാധ്യമങ്ങളും ഏറ്റെടുത്തു. 200വര്‍ഷം മുമ്പുമാത്രം ജര്‍മ്മന്‍കാര്‍ കണ്ടുപിടിച്ച സൈക്കിള്‍ അതിനും 1800ലേറെ വര്‍ഷംമുമ്പ് ഇന്ത്യക്കാര്‍ കണ്ടുപിടിച്ചിരുന്നു എന്നത് ആവേശമായി മാറുകയായിരുന്നു. ക്ഷേത്രം ഏഴാംനൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നാണ് ആധികാരികരേഖകള്‍, അതിലേറെ പറയുന്നവരുമുണ്ട്.
ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്റ്റുകളും ആധികാരികമായി രംഗത്തിറങ്ങതായതോടെ ഡോ.കലയ്കോവന് എന്ന ചരിത്രാന്വേഷി പഠനം നടത്തി ചിലവിവരങ്ങള്പുറത്തുവിട്ടു. 1920ല്‍ ക്ഷേത്രം പുനര്നിര്മ്മിച്ചിരുന്നുവെന്ന് ഇദ്ദേഹം കണ്ടെത്തി. അന്നത്തെ ശില്പി ഒരുപക്ഷേ ആരെയെങ്കിലും സൈക്കിളില്‍ കണ്ടിരിക്കാമെന്നാണ് വിലയിരുത്തല്‍. ഇതോടെ തീപിടിച്ച വിവാദം കെട്ടടങ്ങിയിരിക്കയാണ്.
ഒരു പുരാതന ശില്പവിദ്യക്കുള്ളില് പുതിയശിള്പകല കടന്നുവരുന്നത് ആദ്യമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. മുന്‍പ് 12-ാം നൂറ്റാണ്ടിലെ സ്പാനിഷ് പള്ളിയുടെ ചുവരില്‍ ചന്ദ്രനിലിറങ്ങുന്ന ശൂന്യാകാശ സഞ്ചാരിയുടെ ചിത്രം കൊത്തിവച്ച വിവാദമുണ്ടായിരുന്നു. പിന്നീട് ഇത് ചെയ്തു ചേര്‍ത്തതാണെന്നു കണ്ടെത്തി. ബ്രിട്ടീഷ് മ്യൂസിയത്തിലെ പുരാതന ചിത്രങ്ങളില്‍ ഒന്നില്‍ ഒരാള്‍ മൊബൈലില്‍ സെല്‍ഫി എടുക്കുന്നത് ആപ്പിള്‍ സിഇഒ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.