ചെന്നൈ: മോഷണക്കേസില്‍ പിടിയിലായ ആളുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് വനിത എസ്ഐ രണ്ടരലക്ഷം രൂപ കവര്‍ന്നു. ട്രെയിന്‍ യാത്രക്കാരില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ തൃശ്ശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് റെയില്‍വേ പോലീസിലെ വനിത എസ്ഐ കയല്‍വിഴി പണം കൈക്കലാക്കിയത്.
എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പണം എടുത്തത് കയല്വിഴിയാണെന്ന് മനസ്സിലായത്.
ദീര്‍ഘദൂര ട്രെയിനുകളില്‍ എസി കോച്ചുകളിലെ യാത്രക്കാരില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലാണ് ഷാഹുല്‍ ഹമീദ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ പതിനഞ്ച് എടിഎം കാര്‍ഡുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ രണ്ടെണ്ണം കാണാതായെന്നാണ് കേസ് അന്വേഷിച്ച എസ്ഐ കയല്‍വിഴി റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ന്ന് ഈ എടിഎം കാര്‍ഡ് ഉപയോഗിച്ച് കയല്‍വിഴി രണ്ടരലക്ഷം രൂപ പിന്‍വലിച്ചു. എടിഎം കാര്‍ഡുമായി ബന്ധപ്പെട്ട് പോലീസ് ബാങ്കില്‍ അന്വേഷണം നടത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നും ആരോ പണം പിന്‍വലിച്ചതായി അറിഞ്ഞത്. പിന്നീട് എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിച്ചത് കയല്വിഴിയാണെന്ന് മനസ്സിലായത്.
പിന്നീട് പിടിക്കപ്പെട്ടെന്ന് ഉറപ്പായപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ച് പണം തിരികെ നല്കി മാപ്പ് പറഞ്ഞു. എന്നാല്‍ കയല്‍വിഴിക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ അധികൃതര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എകെ വിശ്വനാഥന് കത്ത് നല്‍കിയിരിക്കുകയാണ്.