ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ മോത്തിലാല്‍ വോറയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ താത്ക്കാലിക ചുമതല നല്കി. മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് മോത്തിലാല്‍ വോറ.
ഇന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ട്വീറ്റിലൂടെയായിരുന്നു രാജിക്കാര്യം രാഹുല്‍ അറിയിച്ചത്. ഇനി താന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജിക്കത്ത് സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്തപരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തു നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. നേതാക്കള്‍ പലരും കൂട്ടത്തോടെ രാഹുലിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അദ്ദേഹം രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
പകരക്കാരനെ കണ്ടെത്തുന്നവരെ സ്ഥാനത്ത് തുടരാമെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വരെയും പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഈയാഴ്ച അവസാനത്തോടെ വിദേശത്തേക്ക് പോകാനിരിക്കുന്ന രാഹുല്‍ യാത്രയ്ക്ക് മുന്നോടിയായാണ് രാജി പ്രഖ്യാപിച്ചത് എന്നാണ് സൂചന.