മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. അപകടത്തില്‍ 78 പേര്‍ക്ക് പരിക്കുപറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയില്‍ കുറച്ച് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.
അതെസമയം മഹാരാഷ്ട്രയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 40 ഓളമായി. ഇന്നലെ വൈകിട്ട് തിവാരെ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചിരുന്നു. ഇരുപത് പേരെ കാണാനില്ല. ഡാം തകര്‍ന്നതോടെ ഏഴ് ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
അതെസമയം മഹാരാഷ്ട്രയില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഹാരാഷ്ട്രയുടെ താഴ്ന്ന ഭാഗങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. ട്രാക്കുകളില്‍ വെള്ളം കയറിയതോടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വിമാന സര്‍വ്വീസുകളെയും മഴ പ്രതികൂലമായി ബാധിച്ചു. റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. വരും മണിക്കൂറുകളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.