മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 6 ആയി. 20 പേരെ കാണാതായി. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കനത്ത മഴയെ തുടര്‍ന്ന് രത്നഗിരി ജില്ലയിലെ തിവാരെ ഡാം തകര്‍ന്നത്. അനുവദനീയമായതിലും അധികം ജലം ഡാമിലേക്ക് എത്തിയതാണ് ഡാം തകരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
ഡാം തകര്‍ന്നതോടെ സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 12 ഓളം വീടുകള്‍ ഒലിച്ചു പോയി. പോലീസും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി മഹാരാഷ്ട്രയില്‍ കനത്ത മഴയാണ് പെയ്യുന്നത്. 40 വര്‍ഷത്തിന് ശേഷം മഹാരാഷ്ട്രയില്‍ ഏറ്റവും അധികം മഴ ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ 300 മുതല്‍ 400 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
മഴ കനത്തതോടെ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളും കൂടിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ മാത്രം 28 ഓളം പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്.
അതെസമയം, അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.