ഭോപ്പാല്‍: വീട്ടുകാര്‍ കൊലപാതക്കുറ്റത്തിന് അറസ്റ്റിലായതോടെ തനിച്ചായ വളര്‍ത്തുനായയ്ക്ക് തുണയായെത്തിയത് പോലീസുകാര്‍. മധ്യപ്രദേശ് ബിനാ ടൗണിലെ ഛോട്ടി ബജാരിയ സ്റ്റേഷനിലെ പോലീസുകാരാണ് സുല്‍ത്താന്‍ എന്ന ലാബ്രഡോറിന് അഭയം നല്‍കിയത്. സുല്‍ത്താന്‍ ഇന്ന് പോലീസുകാരുടെ പ്രിയപ്പെട്ടവനായി സ്റ്റേഷനില്‍ താമസിക്കുകയാണ്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 10വയസുകാരനായ കുട്ടിയുള്‍പ്പെടെ ബന്ധുക്കളായ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് സുല്‍ത്താന്റെ ഉടമയായ മനോഹര്‍ അഹിര്‍വാറും രണ്ടു മക്കളും അറസ്റ്റിലായത്. തുണയായിരുന്നവര്‍ ജയിലിലായതോടെ സുല്‍ത്താന്‍ അനാഥനായി. സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനെ തുടര്‍ന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ നായ അക്രമാസക്തനുമായി.
അന്വേഷണത്തിനായി മനോഹറിന്റെ വീട്ടിലെത്തിയ പോലീസുകാരാണ് അവശനിലയിലായ സുല്‍ത്താനെ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവും നല്‍കിയതോടെ അവന് പോലീസുകാരുമായി ഇണങ്ങി. മനോഹറിന്റെ ബന്ധുക്കളോടും അയല്‍വാസികളോടും നായയെ ഏറ്റെടുക്കാന്‍ പറഞ്ഞെങ്കിലും അവരാരും തയ്യാറായില്ല. സുല്‍ത്താനെ ആ വീട്ടില്‍ തനിച്ചാക്കി പോരാന്‍ പോലീസുകാരുടെ മനസ്സനുവദിച്ചില്ല. തുടര്‍ന്ന് വീടുവിട്ട് വരുമ്പോള്‍ പോലീസുകാര്‍ അവനെയും ഒപ്പം കൂട്ടുകയായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിയ സുല്‍ത്താന്‍ ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് വാസം. ഓമനയായി മാറിയ സുല്‍ത്താനെ കുളിപ്പിക്കുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതെല്ലാം അവര്‍ തന്നെയാണ്. കൂടാതെ വീട്ടില്‍ നിന്നും വരുമ്പോള്‍ ഒരു പൊതി ഭക്ഷണം അവനായും കരുതും. സുല്‍ത്താനെ ഇനി ആര്‍ക്കും കൊടുക്കാന്‍ തയ്യാറല്ലെന്നാണ് പോലീസുകാര്‍ പറയുന്നത്.