ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കും എന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നിലാണ് ആത്മഹത്യാ ശ്രമം നടന്നത്.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് ആത്മഹത്യ ചെയ്യുമെന്നായിരുന്നു പ്രവര്‍ത്തകന്റെ ഭീഷണി. എന്നാല്‍ പോലീസും മറ്റ് ആളുകളും കൂടി ഇയാളെ അനുനയിപ്പിച്ച് മരത്തില്‍ നിന്ന് താഴെയിറക്കി.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തുടരണമെന്ന ആവശ്യം ശക്തമാക്കി എഐസിസി ആസ്ഥാനത്തിന് മുന്നിലാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുന്നത്.
അതെസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് അയവു വരുത്തിയിട്ടുണ്ടെന്ന് പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിമാര്‍ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടില്ല. പക്ഷേ രാജിക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടിന് അയവു വന്നിട്ടുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. ‘രാഹുല്‍ തന്റെ നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കില്ലായിരുന്നു’വെന്നും രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ തയ്യാറായാല്‍ ഏതു വിധത്തിലും അദ്ദേഹത്തിന് ഒപ്പം നില്‍ക്കാമെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു.