ആഗ്ര: അമ്മയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ട്രെയിനിന്റെ ചെയിന്‍ വലിച്ച് യുവാവ്. ന്യൂഡല്‍ഹി ഹബീബ്ഗഞ്ച് ശതാബ്തി എക്സ്പ്രസ് ട്രെയിന്‍ മധുര ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ യമുനാ വിഹാര്‍ സ്വദേശിയായ മനീഷ് അറോറ എന്ന യുവാവാണ് ചെയ്ന്‍ വലിച്ച് പുലിവാല് പിടിച്ചത്. ഇയാളെ റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് എത്തി അറസ്റ്റ് ചെയ്തു.
മനീഷ് അറോറയും അമ്മയും ബന്ധുവായ ഒരു സ്ത്രീയും ചേര്‍ന്ന് മധുരയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്ന അമ്മ മധുരയിലെത്തിയിട്ടും കഴിച്ച് കഴിയാതെ വന്നതോടെ ഇവര്‍ ട്രെയിനില്‍ തന്നെ ഇരുന്നു. ഒടുവില്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മനീഷ് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. അമ്മയ്ക്ക് ആഹാരം കഴിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും ചങ്ങല വലിച്ച് നിര്‍ത്തിയില്ലായിരുന്നെങ്കില്‍ തനിക്ക് സ്റ്റേഷനില്‍ ഇറങ്ങാന്‍ കഴിയില്ലായിരുന്നുവെന്നും മനീഷ് റെയില്‍വേ പോലീസിനോട് പറഞ്ഞു. ഇയാളെ പിന്നീട് മധുര ആര്‍പിഎഫ് സ്ക്വാഡിന് കൈമാറി.