മുംബൈ: രണ്ട് ദിവസമായി മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയില്‍ മരണം 21 ആയി. മുംബൈയിലെ മലാഡില്‍ മതില് ഇടിഞ്ഞുവീണ് 13 പേര് മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുകയാണ്.
പൂണെയിലുണ്ടായ അപകടത്തില്‍ ഇതുവരെ അഞ്ച് പേരാണ് മരിച്ചത്. പൂണെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില് ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. രാത്രി ഒന്നേകാലോടെയാണ് കോളേജ് മതില് തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
അതേസമയം, മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സംസ്ഥാനത്ത് സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
മഴ ശക്തമായതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് വഴി തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു.