ബംഗലൂരു: കര്‍ണാടക സഖ്യസര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. ആനന്ദ് സിങ്ങിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ രമേശ് ജാര്‍ക്കിഹോളിയും സ്ഥാനം രാജിവെച്ചു. 24 മണിക്കൂറിനിടെ രണ്ടാമത്തെ എംഎല്‍എയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നത്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 77 ആയി ചുരുങ്ങി. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ആളാണ് ജാര്‍ക്കിഹോളി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതാണ് നേതൃത്വവുമായുളള അസ്വാരസ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജാര്‍ക്കിഹോളിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്പീക്കറെ കണ്ടിരുന്നു.
ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് രാജി വച്ചിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു രാജി. രാജി വച്ച ആനന്ദ് വീണ്ടും ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം ആനന്ദ്സിങ് രാജിവെച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. രാജിക്കത്ത് സ്വീകരിച്ചതായുളള റിപ്പോര്‍ട്ടുകളും അദ്ദേഹം തളളി.
ഇവരെ കൂടാതെ അഞ്ച് എംഎല്‍എമാര്‍ കൂടി രാജിക്ക് ഒരുങ്ങുന്നതായിട്ടാണ് സൂചന. രണ്ട് നേതാക്കളുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. സിദ്ധരാമയ്യ തന്റെ വസതിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.