ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തേക്കുകൂടി രാഷ്ട്രപതി ഭരണം നീട്ടണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ജമ്മുകശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അവസാനിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ടെന്നും നിലവില്‍ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജമ്മുകാശ്മീരിലെ പിഡിപി-ബിജെപി സര്‍ക്കാര്‍ നിലംപതിച്ചത്. പിന്നീട് 2018 ഡിസംബര്‍ 19 വരെ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമായിരുന്നു നിലനിന്നത്. ഡിസംബര്‍ മുതല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കീഴിലാണ് സംസ്ഥാനം.
ജമ്മുകാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചതോടെ ജമ്മുവിലെ തെരഞ്ഞെടുപ്പ് വീണ്ടും നീണ്ട് പോയേക്കും. ജമ്മുകാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അമര്‍നാഥ് തീര്‍ത്ഥാടന സീസണ് കഴിഞ്ഞ ശേഷമാണ് പ്രഖ്യാപിക്കുകയുള്ളൂവെന്ന് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിരുന്നു. ജൂലൈ ഒന്നിന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര 46 ദിവസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 15-നാണ് അവസാനിക്കുന്നത്. ഇതിന് ശേഷമേ തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുകയുള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും അമര്‍നാഥ് യാത്ര പൂര്‍ത്തിയാവുകയും ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.