ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്. അഞ്ചുവര്‍ഷം സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഏറ്റവും വലിയ കക്ഷിയ്ക്ക് തന്നെ അവസരം കിട്ടണമെന്നും, കോണ്‍ഗ്രസിന് പ്രധാന മന്ത്രി പദത്തിനോട് താത്പര്യമില്ല എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
പട്നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയുണ്ടാകുന്നതില് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല എന്നും ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.
പിന്നാലെ ബിജെപി കോണ്‍ഗ്രസിന് എതിരെ രംഗത്ത് എത്തി. തങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ നേതാവുണ്ടെന്നും കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അതില്ലെന്നുമായിരുന്നു ബിജെപിയുടെ ആക്ഷേപം.