ചെന്നൈ: മകളുടെ പ്രണയബന്ധത്തെ പിന്തുണച്ച ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് തിരുനെല്‍വേലിയിലാണ് സംഭവമുണ്ടായത്. പ്രതി മകളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തിരുനെല്‍വേലി പുളിയങ്കുടി സ്വദേശി സമുദ്രപാണ്ടി (42)യുടെ ഭാര്യ വെള്ളത്തുറച്ചി (40), 17കാരിയായ മകള്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഭാര്യയെ വെട്ടിക്കൊല്ലുകയും മകളെ ഗുരുതരമായി വെട്ടിപ്പരുക്കേല്ക്കുകയും ചെയ്ത ശേഷം പ്രതി പോലീസില്‍ കീഴടങ്ങി. വെള്ളത്തുറച്ചിയുടെ ബന്ധുവായ ഓട്ടോഡ്രൈവറുമായുള്ള പെണ്‍കുട്ടിയുടെ പ്രണയമാണ് സമുദ്രപാണ്ടിയെ പ്രകോപിപ്പിച്ചത്. ഈ ബന്ധത്തിനോട് തീരെ താത്പര്യമില്ലാതിരുന്ന സമുദ്രപാണ്ടി പല തവണ എതിര്‍ത്തിരുന്നു.
എന്നാല്‍ വെള്ളത്തുറച്ചിയുടെ പിന്തുണയോടെ മകള്‍ പ്രണയബന്ധം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് പ്രതി ഇരുവരെയും വെട്ടിയതെന്നാണ് പ്രാഥമിക വിവരം. തലയ്ക്കും പുറകിലും കൈയ്ക്കും മാരകമായി വെട്ടേറ്റ വെള്ളത്തുറച്ചി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സമുദ്രപാണ്ടി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.