ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് ബംഗാളില്‍ വീണ്ടും വിലക്ക് കല്‍പ്പിച്ച് മമത സര്‍ക്കാര്‍. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ ജില്ലയില്‍ റോഡ് ഷോ നടത്തുന്നതില്‍ നിന്നും, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ജാദവ് പൂര് ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്. ബിജെപി ഇവിടുത്തെ നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്. കൂടാതെ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം ഇതിനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
ഇത് ആദ്യമായിട്ടല്ല അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ജനുവരിയില്‍ റാലിയില്‍ പങ്കെടുക്കുന്നതിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതില്‍ നിന്നും മമത സര്‍ക്കാര്‍ വിലക്കിയിരുന്നു.