ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെലവഴിച്ച തുകയുടെ കണക്കുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. വരാണസിയില്‍ മോഡിയുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു.
മിട്നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റാലികളും മറ്റും നടത്താന്‍ എത്ര തുക ചെലവഴിച്ചുവെന്നും അതിന്റെ കണക്കുകളെക്കുറിച്ചും അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാമെങ്കില്‍ മോഡിയുടെ പരിപാടികളുടെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നോക്കണമെന്നും മമത പറഞ്ഞു.
എന്തുകൊണ്ടാണ് നരേന്ദ്ര മോഡിയുടെ പൊതു പരിപാടികളുടെ കണക്കുകള്‍ മാത്രം ഇലക്ഷന് കമ്മീഷന് നോക്കാത്തത് എന്നും മമത ചോദിച്ചു. എല്ലായിപ്പോഴും വിദേശയാത്രകളില്‍ മാത്രം മുഴുകിയ മോഡി ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മമത ചോദിച്ചു.