ന്യൂഡല്‍ഹി: ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ചൈനയുടെ ഇരട്ടിയാണെന്നാണ് സൂചിപ്പിക്കുന്നത്.
1994ല്‍ ഇന്ത്യയില്‍ 94.2 കോടിയും ചൈനയില്‍ 123 കോടിയുമായിരുന്ന ജനസംഖ്യ 2019 ആയപ്പോഴേക്കും ഇന്ത്യയില്‍ 136 കോടിയും ചൈനയില്‍ ജനസംഖ്യ 142 കോടിയുമായി ഉയര്‍ന്നു. എന്നാല്‍ 1969ല്‍ ഇന്ത്യയിലെ ജനസംഖ്യ 54.15 കോടിയും ചൈനയില്‍ 80.36 കോടിയുമായിരുന്നു ജനസംഖ്യ.
ഇന്ത്യയില്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ജനസംഖ്യയുടെ 27 ശതമാനം. 15നും 64നും ഇടയില്‍ പ്രായമുള്ളവര്‍ 67 ശതമാനവും. എന്നാല്‍ 65ന് മുകളില്‍ പ്രായമുള്ളവര്‍ വെറും ആറ് ശതമാനം മാത്രമേ ഉള്ളൂവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജനസംഖ്യ വളര്‍ച്ച കുതിക്കുമ്പോഴും പ്രത്യുല്പ്പാദനം, ലൈംഗിക സ്വാതന്ത്യം എന്നീ അവകാശങ്ങള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും വിദ്യാഭ്യാസം, ജീവിത സുരക്ഷാ തുടങ്ങിയവ അന്യമാകുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.